Monday, January 24, 2011

പുതിയ ബ്ലോഗിനി: ചിൽചിൽ ചിഞ്ചിലം

ഞാനൊരു പുതിയ ബ്ലോഗിനി; ചിൽചിൽ ചിഞ്ചിലം !

ഞാൻ ചിൽചിൽ ചിഞ്ചിലം. ഒരു കോളേജ് വിദ്യാർത്ഥിനി. മുമ്പേ പറയാം. പഞ്ചാര ബ്ലോഗർമാരൊന്നും വന്നുമുട്ടേണ്ട. മുട്ടിയിട്ട് കാര്യമില്ല. ബൂലോകം ഓൺലെയിന്റെ ബ്ലോഗ് ലിറ്ററസിയുടെ ഭാഗമായി സജിംസാറിന്റെ (..സജിം തട്ടത്തുമല) ശിക്ഷണത്തിൽ ബ്ലോഗറായതാണ്. പാസ്സ് വേർഡ് ചേയിഞ്ച് ചെയ്യാൻ അവകാശം നൽകിയിട്ടില്ല. അല്പം കൂടി പക്വതയും പാകതയും വന്നിട്ട് സ്വന്തം ഇഷ്ടത്തിന് വിട്ടുതരാമത്രേ! അത് പക്ഷെ ഈയുള്ള കാലം ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല. കുരുത്തംകെട്ടവൾ, അലപ്പറ, മണ്ടൂസ്, തുടങ്ങി അദ്ദേഹം അറിഞ്ഞു കല്പിച്ചുതന്ന സകല വിശേഷണങ്ങളും ഭാവിയിലും അന്വർത്ഥമാക്കി ജീവിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് പാസ്സ് വേർഡ് ഈ ജന്മത്ത് ഒറ്റയ്ക്ക് കൊണ്ടുനടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കമന്റുകൾക്ക് രണ്ടുപേരുടെയും മറുപടി മാറിമാറിവന്നാൽ ചിഞ്ചിലം ഉത്തരവാദിയായിരിക്കുന്നതല്ല.

ലെയിൻ, വിവാഹാഭ്യർത്ഥന മറ്റു വേണ്ടാതീനങ്ങൾ എന്നിവയുമായി ബൂലോകത്ത് ആരെങ്കിലും കറങ്ങി നടക്കുന്നുണ്ടെങ്കിൽ സോറി! തീരെ സമയമില്ല. മുഖമെങ്കിലും ഒന്നു കാണണമെന്നും ആരും വിചാരിച്ച് വിവശരാകേണ്ട. മുഖമില്ലെന്നു തന്നെ വച്ചോളൂ. മാത്രവുമല്ല കരാട്ടെ, കുംഭൂ, കളരിപ്പയറ്റ് തുടങ്ങിയ ആയോധന കലകളിൽ പ്രാവീണ്യമുള്ള ഒത്തിരി സഹോദരന്മാരും അമ്മാവന്മാരും പോരാഞ്ഞ് സദാ നമ്മെ കണ്ണിലെണ്ണയൊഴിച്ച് “പുറകെ നടന്ന്“ കാത്തുകൊള്ളുന്ന തട്ടത്തുമലയിലെയും പരിസരപ്രദേശങ്ങളിലെയും എന്തിനും പോന്ന അണ്ണന്മാരും കൈമുതലായുണ്ടെന്നും അവർക്ക് അടി, വെട്ട്, കുത്ത് ബോംബേറ് തുടങ്ങിയവ നിത്യവും കേവലം തമാശകൾ മാത്രമാണെന്നും ആവകകൾ കൊട്ടേഷനെടുത്ത് ജീവിച്ചു പോരുന്നവരാണെന്നും ഇതിനാല്‍ ഭീഷണിപ്പെടുത്തിക്കൊള്ളുന്നു!

പരീക്ഷയ്ക്ക് ഒക്കുംവണ്ണം പുളുകളൊക്കെ എഴുതി പേപ്പറു നോക്കുന്ന അദ്ധ്യാപകരെ കൺഫ്യൂഷണിലാക്കി ജയിച്ച് പഠിപ്പെന്ന അനാവശ്യ ഇടപാട് ഒന്നൊതുക്കിയിട്ട് പിന്നെ ഒരു നല്ല നേരം നോക്കി വീട്ടുകാരിൽ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി മാനം മര്യാദയ്ക്ക് കല്യാണം കഴിച്ച് പിന്നെയും എന്റെ വീട്ടുകാരെത്തന്നെ ബുദ്ധിമുട്ടിച്ച് ജീവിക്കണമെന്ന ദുഷ്ടവിചാരം മാത്രമേ ഉള്ളൂ! ! വല്ലവനും പ്രേമിച്ച് വിളിച്ചോണ്ടു പോയി വീട്ടുകാരുടെ ശല്യമൊഴിക്കാമെന്നു വിചാരിച്ച് സേവന തല്പരരായി വന്നാൽതന്നെ ഒരു ലൊടുക്ക് ബൈക്കുമായി അവർക്ക് പുറകേ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഒരു സാറ്! മറ്റാരുമല്ല സജിംസാർ തന്നെ! ഇന്നാട്ടിലെ ഒട്ടുമുക്കാൽ കാമുകീ കാമുകന്മാരുടെയും ശാപമേറ്റ് നരകത്തിൽ പോകാൻ വിധിക്കപ്പെട്ട പാവം ക്രൂരൻ!


എന്തായാലും പണ്ടെങ്ങാണ്ട് രണ്ടുമൂന്ന് ഉപന്യസങ്ങൾ എഴുതി തെറ്റുതിരുത്താൻ കൊടുത്തതാണിപ്പോൾ അദ്ദേഹം എന്നെയും ബ്ലോഗിംഗ് പഠിപ്പിക്കാൻ കാരണം. (ഞാൻ അതൊക്കെ അടിച്ചു മാറ്റിക്കൊണ്ട് വന്നതാണെന്ന് പാവം സാറുണ്ടോ അറിയുന്നു!). പക്ഷെ ഇത് ഞാ‍ൻ അടിച്ചുമറ്റിയതല്ല കേട്ടോ! വായിക്കുമ്പോൾ തന്നെ മനസിലാകും. എന്നെ പോലുരു മണ്ടൂസിനു മാത്രമേ ഇതെഴുതാൻ കഴിയൂ എന്ന്. പിന്നെ ആഗ്രഹം കൊണ്ട് എഴുതി പോകുന്നതാണ്.

യൂണിക്കോഡ് ഫോണ്ട് ചെയ്യാൻ കുറെ ദിവസം കൊണ്ട് പഠിപ്പിക്കുകയാണ്. അത് പഠിച്ചു തുടങ്ങിയപ്പോഴല്ലേ ഇതിനു ഡിഗ്രി വരെയൊന്നും പഠിച്ചാൽ പോരെന്ന് തോന്നിയത്. എത്ര തലയ്ക്കടികൊണ്ടിട്ടും ഋ-ഉം കൃ-ഉം ചില്ലും നീട്ടവും എല്ലാം തഥൈവ! മണ്ടിവിളി ഒത്തിരി കേട്ടു. ഇതും ഞാൻ ഒറ്റയ്ക്ക് ചെയ്യുകയല്ല. പേരു പറയാൻ ഞാൻ മടിയ്ക്കുന്ന ഒരു കൂട്ടുകാരി കൂടി ഇരുന്ന് കൂലംകഷമായി ചിന്തിച്ച് ടൈപ്പ് ചെയ്യുകയാണ്. (അവളുടെ ബ്ലോഗ് വരുന്നുണ്ട്). എന്നിട്ടും ഇടയ്ക്കിടെ സാറു വന്നു നോക്കുമ്പോൾ ഉറച്ച് വായിക്കാൻ പറ്റാത്തതായി പോകുന്നു ചില വാക്കുകൾ. അതുകൊണ്ട് ഇതിൽ പല അക്ഷരങ്ങളും പ്രത്യേകിച്ച് ഋ അടയാളവും മറ്റും മറ്റും നിങ്ങൾക്ക് ശരിയായി വായിക്കാൻ പറ്റുന്നുണ്ടെങ്കിൽ സാറിന്റെ ഇടപെടൽ അതിൽ നടന്നിട്ടുണ്ടാകും എന്ന് വിചാരിച്ചു കൊള്ളുക. ഇനി കൂടുതൽ ആമുഖക്കത്തി അടിക്കാതെ ആദ്യത്തെ പോസ്റ്റ് അങ്ങോട്ട് പോസ്റ്റുകയാണ്.

ഗൂഗിളിൽ ഒരു ബ്ലോഗും കൂടി ഉണ്ടാക്കത്തന്നിട്ടുണ്ട്. ബ്ലോഗിന്റെ പേര് ചിലങ്ക. മറ്റു ചിലരും ഇവിടെ ബ്ലോഗ് ഒക്കെ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇവിടെ ന്യൂസ്റ്റാർ കോളേജിലെ എന്റെ കൂട്ടുകാർ തന്നെ. അതൊക്കെ ചവറുകളും എന്റേത് ഏറ്റവും മികച്ചതും ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ! അടുത്തൊരുത്തൻ ഒൻപതാം ക്ലാസ്സുകാരൻ നമ്മളെ ഇറക്കി വിട്ടിട്ട് ബ്ലോഗ് തുടങ്ങാൻ ഇരിക്കുന്നുണ്ട്. അവനാണ് ഇടയ്ക്ക് എന്റെ ചില അക്ഷരങ്ങൾ ശരിയാക്കിത്തന്നത്. എങ്കിലും അവന്റെ ബ്ലോഗ് എന്റത്ര ശരിയാകില്ല. ആകരുതല്ലോ!

എനിക്ക് എഴുതനുള്ള പ്രേരണയും പ്രോത്സാഹനങ്ങളും എന്നും നൽകിപോരുന്ന കൊച്ചുസാറണ്ണന് നന്ദി! (ഞാൻ അദ്ദേഹത്തെ അങ്ങനെ വിളിച്ചിട്ടില്ല) നന്ദി!

ആദ്യ പോസ്റ്റ് സമർപ്പിക്കുന്നത് സൌഹൃദക്കെണികളിൽ അറിയാതെ ചെന്നുവീണ് ജീവിതം ഹോമിക്കപ്പെട്ട പാവം പെൺകുട്ടികളുടെ സ്മരണയ്ക്ക്!


മാറുന്ന സൌഹൃദങ്ങൾ

സൌഹൃദങ്ങൾ എത്രയോ മഹത്തരമാണ്. ഒരു മനുഷ്യ ജീവിയ്ക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് സൌഹൃദം. ഒരു സുഹൃത്തെങ്കിലും ഇല്ലാത്ത ആരെങ്കിലും ഉണ്ടാകുമോ? ഇല്ലെന്നു തന്നെ പറയാം. ഒരു കുട്ടിയുടെ വളർച്ചയിൽ അവനൊപ്പം വളരുന്നവരാണ് സൂഹൃത്തുക്കൾ. വിദ്യാഭ്യാസകാലഘട്ടം മുതൽ അവനൊപ്പം കൂട്ടിനെത്തുന്ന സമപ്രായക്കാരാണ് കൂട്ടുകാർ.വീട്ടിലുളള സമയത്തെക്കാൾ അവൻ ചെലവഴിക്കുന്നത് കൂട്ടുകാർക്കൊപ്പമാണ്.കളികളിലും തമാശകളിലും സന്തോഷത്തിലും എല്ലാം കൂട്ടുകാർ നമ്മോടൊപ്പം കാണും. ഒരു പക്ഷെ രക്ഷിതാക്കളെക്കാൾ നമ്മെ മനസിലാക്കിയവർ കൂട്ടുകാരായിക്കൂടെന്നില്ല്ല. ഒരു ദിവസത്തിൽ - അഞ്ചോ ആറോ മണിക്കൂർ അവർ ഒന്നിച്ചു കാണും.

അയൽ പക്കങ്ങളിൽ നിന്ന് പൂവണിയുന്ന സൌഹൃദങ്ങൾ. സ്കൂളുകളിൽ തളിരണിയുന്ന സൌഹൃദങ്ങൾ. കലാലയത്തിനുളളിൽ പൂവണിയുന്ന സൌഹൃദങ്ങൾ. അങ്ങനെ പലയിടത്തുനിന്നും സൌഹൃദങ്ങൾ വളരുന്നു. ചിലർ പാതിവഴിയിൽ പിരിയുന്നു. മറ്റുചിലർ ജീവിതാവസാനം വരെ ഒപ്പമുണ്ടാകുന്നു. ഏതു പ്രതിസന്ധിയിലും നമ്മോടൊപ്പം നിൽക്കുകയും. നമുക്ക് വേണ്ടി ജീവൻ കളയാൻ തയ്യാറാവുകയും ചെയ്യുന്നവരാണ് ഉത്തമസുഹൃത്തുക്കൾ. ഒരർത്ഥത്തിൽ പറഞ്ഞാൽ ആത്മത്യാഗികൾ. മുമ്പൊക്കെ അതങ്ങനെ തന്നെയായിരുന്നു.എന്നാലിന്ന് അത്തരം സുഹൃത്തുക്കളെ നമുക്ക് കാണാനാകുമോ? കാലം കൂടുതൾ ആധുനികമായപ്പോൾ ആത്മാർത്ഥത എന്നത് എങ്ങോ പോയി മറഞ്ഞ
ഒരു യുഗമാണിത്. ഇവിടെ സുഹൃത്തുക്കൾ വെരുമൊരു അലങ്കാരമാണ്.ഒരു ബഞ്ചിൽ ഇരിക്കുന്നവന്റെ അല്ലങ്കിൽ അവന്റെ മനസറിയാനാകാത്ത വിധം അകന്ന് പോയിരിക്കുന്നു ഇന്നത്തെ തലമുറ.എന്താണ് ഇവർക്കിടയിൽ സംഭവിച്ചത്. ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു പുലർകാലത്തിൽ ഒത്തുകൂടി വൈകുന്നേരങ്ങളിൾ പിരിയുന്നതാണ് ഇന്നത്തെ സൌഹൃദങ്ങൾ.

പരസ്പരമുള്ള തെറ്റുകൾ ചൂണ്ടികാട്ടി നല്ലതിലേക്ക് മാത്രം നടക്കേണ്ടവരാണ് നല്ല സുഹൃത്തുക്കൾ.ഒരു കൂട്ടുകാരൻ അഥവാ കൂട്ടുകാരി ഒരിക്കലും തെറ്റിന് കൂട്ടുനിൽക്കുന്ന ആളായിരിക്കില്ല. പകരം തെറ്റ് തിരുത്തുന്ന ആളായിരിക്കും. തന്റെ കൂട്ടു കാരന്റെ അഥവാ കൂട്ടുകാരിയുടെ സഞ്ചാരവഴികൾ മോശമാണന്ന് തൊന്നിയാൽ തെറ്റിൽ നിന്നും തിരികെ കൊണ്ട് വരാൻ ഉതകുന്നവനോ അവളോ ആകണം ഒരുനല്ല സുഹൃത്ത്. പെൺകുട്ടികൾക്കിടയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു.ദിനംപ്രതിയുണ്ടാകുന്ന ഈ വർദ്ധനവിന്റെയും കാരണങളിൽ ഒന്ന് ശുദ്ധ മല്ലാത്ത കൂട്ടുകെട്ടാ‍ണ്. തന്റെ കൂട്ടു കാരി സഞ്ചരിക്കുന്ന പാത അറിയാമായിരുന്നിട്ടും അവളെ പിന്തിരിപ്പിക്കാതെ ഒപ്പം നടക്കുന്നു മറ്റുള്ളവരും.ഒരു മൊബൈൽ ഫോൺ സൌഹൃദമോ അല്ലങ്കിൽ ഒരു ചാറ്റിംഗ് സൌഹൃദമോ പ്രണയത്തിന് വഴി മാറുന്നു. ഒപ്പം മറ്റു പലതും അരങ്ങേറുമ്പോൾ ആ സരസ്വതി ക്ഷേത്രം അമ്പലപ്പുഴയിലെ ക്ലാസ് മുറികളാകുന്നു.


കൂട്ടുകാരികൾ മനസറിയുന്നവരാകണം. എന്റെ കൂട്ടുകാരി എന്നോടൊപ്പം നടക്കുന്നവൾ. എന്റെ പ്രായക്കാരി അവളുടെജീവിതത്തെ തകർക്കുന്ന ബന്ധങ്ങൾക്ക് ഞാൻ കൂട്ടു നിൽക്കില്ല എന്ന് തീരുമാനം എടുക്കണം നമ്മുടെ പെൺകുട്ടികൾ. ഒപ്പം വിശ്വസ്തരെന്ന് തോന്നുന്ന മുതിർന്നവരൊട് തുറന്ന് പറയണം. മറിച്ചും ആകാം. പ്രേമിക്കുന്നു എന്ന പേരിൽ ഒരുവളെ ഒരുത്തൻ ശല്യം ചെയ്യുമ്പോൾ കൂട്ടുകാരികൾ മദ്ധ്യസ്ഥരാകുന്നു. ഞാൻ എങ്ങനേയും അവളെ കൊണ്ട് സമ്മതിപ്പിക്കാം എന്ന് വാക്ക് നൽകുന്നു. അവന്റെ മാന്യമായ രീതി കണ്ടിട്ടോ അല്ലങ്കിൽ അവന്റെ സൌഹൃദം നഷ്ടമാകുമെന്ന് കണ്ടിട്ടോ എന്തോ അവനെ പ്രണയിക്കാൻ ആവശ്യപ്പെടുന്നത്. ഇത്രയ്ക്കും നികൃഷ്ടമായിക്കഴിഞ്ഞു നമുക്കിടയിലെ കൂട്ടുകാർ.ജീവൻ മറന്നും കൂട്ടുകാരെ രക്ഷിക്കുന്ന തലമുറ പോയ് മറഞ്ഞു കഴിഞ്ഞു. സമൂഹത്തിനും ഇതിൽ വലിയൊരു പങ്കുണ്ട്.

കൂട്ടുകാരൻ ആരുമാകാം. ആണോ പെണ്ണോ. എന്നാൽ സംസ്കാര സമ്പന്നരും സദാചാര വാദികളുമെന്ന് സ്വയം പ്രശംസിക്കുന്ന പകൽമാന്യർ ചിന്തിക്കുന്നത് മറിച്ചാണെന്ന് മാത്രം. രണ്ട് കുട്ടികൾ ഒരിടത്തുനിന്നു സംസാരിച്ചാൾ അല്ലെങ്കിൾ ഒരുമിച്ചു നടന്നു പോയാൽ ഒരാണും പെണ്ണുമാണെങ്കിൽ അവർ വിധി എഴുതും കാമുകീ കാമുകന്മാർ എന്ന്! പിന്നെ അതിനെ പറ്റിയുള്ള ചർച്ചകൾ പ്രചാരണങ്ങൾ.ഇത് സൌഹൃദങ്ങളിൽ നിന്നും വഴിമാറി സഞ്ചരിക്കുവാൻ യുവത്വത്തെനിർബന്ധിക്കുന്നു. പകരം ഫോൺ വഴിയോ നെറ്റ് വഴിയോ ചാറ്റ് സൊഹൃദങ്ങൾ ഉണ്ടാക്കുന്നു. പരസ്പരം കാണാതെയും അറിയാതയും ഉള്ള സംഭാഷണം കുട്ടികളെ ചതിക്കുഴിയിൾ ചാടിക്കും. അത് തീർച്ച. മറിച്ച് സമൂഹം ചിന്തിച്ചെങ്കിൽ നല്ല

പരസ്പരസഹകരണം നല്ല സൌഹൃദത്തിന്റെ വളർച്ചക്ക് കാരണമാകും.ആൺകുട്ടികളും പെൺകുട്ടികളും സംസാരിച്ചുകൂടാത്ത വിദ്യാഭ്യാസസ്ഥാപനങ്ങൾ തന്നെ യുണ്ട് നമ്മുടെ നാട്ടിൽ. ഇത് കുട്ടികൾക്കിടയിൾ തെറ്റായ അവബോധം സൃഷ്ടിക്കുന്നു. പകരം ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നു. ഇതിന്റെയൊക്കെ ആവശ്യം എന്താണ്? നമുക്ക് മുമ്പ് ഉള്ള വരും വിദ്യാഭ്യാസം ചെയ്തവരല്ലെ?. അവരാരും പരസ്പരം സഹകരണം ഉള്ളവരായിരുന്നില്ലേ? പിന്നെന്തിനാണ് നമ്മുടെ കുട്ടികൾക്ക് ആവശ്യം ഇല്ലാത്തവിലക്കുകൾ. ഇത് ഇവരെ തെറ്റിലേക്ക് നയിക്കുന്നു എന്ന വാസ്തവം മാത്രമായ് അവശേഷിക്കുന്നു.

രക്ഷിതാക്കളും കുട്ടികൾക്ക് കുട്ടുകാരാകുക. വെറും കൂട്ടുകാ‍രല്ല. സ്നേഹവും കരുതലും നൽകുന്ന തെറ്റ് ചൂണ്ടികാട്ടുന്ന നല്ല കൂട്ടുകാർ. രക്ഷിതാക്കളുടെ ഈ മനോനില കുട്ടികളെ അപകടകരമായ കൂട്ടുകെട്ടിൽനിന്നും രക്ഷിക്കുന്നു. ഇത് നമ്മുടെ ബാല്യങ്ങളെ യൌവ്വനങ്ങളെ കുമാരീകുമാരന്മാർ ആക്കാം. നല്ല തലമുറക്ക് നല്ലവരായി അവരെ വാർത്തെടുക്കാം. ലഹരിയുടെയും ആത്മഹത്യയുടേയും തീവ്രവാദത്തിന്റെയും മാർഗ്ഗങ്ങളിൽ നിന്നൊക്കെ നമ്മുടെ യുവതീയുവാക്കളെ രക്ഷിക്കാം.പുത്തൻ തലമുറയെ വാർത്തെടുക്കാം നല്ല ലോകത്തിന് വഴിയൊരുക്കാം.

ഈ പറട്ട ഉപന്യാസം ഇവിടെ പബ്ലിഷ് ചെയ്തതിന് സാഷ്ടാംഗം മാപ്പിരന്നുകൊണ്ട് ചിൽചിൽ ചിഞ്ചിലം!

11 comments:

jayanEvoor said...

അനിയത്തീ...
വായിച്ചും എഴുതിയും തെളിഞ്ഞു വാ...
ആശംസകൾ!

രമേശ്‌ അരൂര്‍ said...

തുടക്കത്തില്‍ തന്നെ നീ ....ണ്ട ലേഖനം ..വേണ്ട ..വേണ്ട .അധികം നീളം വേണ്ട ...ചെറുത്‌ ചെറുത്‌ ചുരുക്കി എഴുതി വലുതാകു...ആശംസകള്‍ ..പുതിയ വിശേഷങ്ങള്‍ കേള്‍ക്കട്ടെ

Arun Kumar Pillai said...

ഹാര്‍ദവമായ സ്വാഗതം!

കൂതറHashimܓ said...

അതെ പറയാനുള്ളത് നന്നായി പറഞ്ഞിരിക്കുന്നു.
സന്തോഷം.. ഇത്തരം പറച്ചിലുകളെ നമുക്ക് ഇഷ്ട്ടപ്പെടാം

faisu madeena said...

ചിഞ്ചില്‍ ..ബെസ്റ്റ് ഓഫ് ലക്ക് ....

പിന്നെ ഒരു തീപ്പട്ടി കൊള്ളി എടുത്തു എന്‍റെ ബ്ലോഗും ഈ കണ്ണന്റെ ബ്ലോഗും അളന്നു എത്രയുണ്ട് എന്ന് അതെ ബ്ലോഗില്‍ എഴുതി വെച്ചിട്ട് മതി ബാക്കി കാര്യങ്ങള്‍ ...!!!

faisu madeena said...

ചിഞ്ചില്‍ ..ബെസ്റ്റ് ഓഫ് ലക്ക് ....

പിന്നെ ഒരു തീപ്പട്ടി കൊള്ളി എടുത്തു എന്‍റെ ബ്ലോഗും ഈ കണ്ണന്റെ ബ്ലോഗും അളന്നു എത്രയുണ്ട് എന്ന് അതെ ബ്ലോഗില്‍ എഴുതി വെച്ചിട്ട് മതി ബാക്കി കാര്യങ്ങള്‍ ...!!!

സാബിബാവ said...

ലേഖനം എനിക്കിഷ്ട്ടമായി പക്ഷേ
ആദ്യത്തെ മുഖവുര എനിക്കൊട്ടും പിടിച്ചില്ല.
പഞ്ചാര ചാക്ക് പൊട്ടിച്ചു വിതറുമ്പോള്‍ ചിറകൊടിഞ്ഞ് വീഴാതെ പറക്കാന്‍ ശ്രമിക്കുക ശ്രമിച്ചാല്‍ കഴിയും
അല്ലാതെ എന്‍റെ നാട്ടില്‍ ആനയുണ്ട് ചേമ്പുണ്ട് എന്ന് പറഞ്ഞിട്ടൊന്നും ആരും പേടിക്കില്ല
എഴുതാന്‍ കഴിവുണ്ടെന്ന് തെളിയിച്ച ലേഖനം

Arun Kumar Pillai said...

അതെ അതെ പുതിയ ബ്ലോഗേര്‍സ് നെ ചെറിയ രീതിയില്‍ റാഗ് ചെയ്യണം എന്നാ കമ്മറ്റി തീരുമാനം!

shaji.k said...

ആശംസകള്‍ :))

Unknown said...

ആദ്യമായല്ലേ ഇവിടെ ! അതുകൊണ്ട് ഞങ്ങളൊക്കെ ഇത്ര നീണ്ട മുഖവുരയും അതിലെ കുഞ്ഞുജാടയും ഒക്കെ ക്ഷെമിച്ചിരിക്കുന്നു.

ചിൽചിൽ ചിഞ്ചിലം said...

Thank for all comments !
എല്ലാ കമന്റുകൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി!